0496 - 2231344 arakkaltemple@gmail.com acebook

തെയ്‌യം-തിറ


നർത്തക രൂപത്തിലുളള ദേവതാസങ്കൽപമാണ് തെയ്യം. വളപട്ടണം പുഴക്ക് തെക്ക് തിറ എന്നും വടക്ക് തെയ്യം എന്നും കാസർഗോഡ് ജില്ലയിൽ കളിയാട്ടം എന്നും അറിയപ്പെടുന്നു. ഓരോരോ തെയ്യത്തിന്റെയും തുടക്കത്തിനു പിന്നിൽ അതത് ദേശവും കാലവുമനുസരിച്ച് വ്യത്യസ്ത ഐതിഹ്യങ്ങളുണ്ട്.

സങ്കീർണ്ണവും മനോഹരവുമായ മുഖത്തെഴുത്തും കുരുത്തോലയും പൂക്കളും അലങ്കാരമാകുന്ന ചുവപ്പ് അണിയലങ്ങളും ചെണ്ട, ഇലത്താളം, കുറുംകുഴൽ തുടങ്ങിയ വാദ്യങ്ങളും ലാസ്യ താണ്ഡവ നൃത്ത ഭാവങ്ങളും തെയ്യത്തിനെ ഭക്തിസാന്ദ്രമായ അനുഭവമാക്കുന്നു. തെയ്യത്തെ തോറ്റിച്ച് (പ്രാർത്ഥിച്ച്) ഉണർത്തുന്നതാണ് തോറ്റം പാട്ട്. പൂരത്തിനു തലേനാളും, പുത്തരി, അടക്കും സംക്രമം, തുറക്കും സംക്രമം എന്നീ വിശേഷദിനങ്ങളിലും തെയ്യത്തിന്റെ സംക്ഷിപ്ത രൂപമായ വെളളാട്ടമാണ്. മന്ത്രപരം, തന്ത്രപരം, കർമ്മപരം, വ്രതപരം എന്നീ അനുഷ്ടാനങ്ങളുടെ പൂർത്തികരണമാണ് തെയ്യം എന്നത്.

പ്രധാന പ്രതിഷ്ഠയായ അമ്മ, മകൾ ഭഗവതിമാർക്കും, ക്ഷേത്രപാലകനും തെയ്യം കെട്ടിയാട്ടമില്ല. ഗുളികൻ, കുട്ടിച്ചാത്തൻ, ദൈവത്താർ, ശ്രീപോതി, വിഷ്ണുമൂർത്തി എന്നിങ്ങനെ അഞ്ചു തെയ്യങ്ങളാണ് കെട്ടിയാടുന്നത്.

ഗുളികൻ

പൂരത്തിന്റെ അന്നേ ദിവസം അർദ്ധരാത്രിക്കു ശേഷമാണ് ഗുളികൻ തിറ കെട്ടിയാടുന്നത്. പൊയ്ക്കാലുകളിലുളള നടത്തം ഈ തിറയുടെ പ്രത്യേകതയാണ്. നാഗരൂപിയാണ് ഗുളികൻ. പാമ്പിന്റെ പത്തിയുമായി മുഖത്തിനും മുടിക്കും ബന്ധമുണ്ട്. നാഗപടത്തിന്റെ രൂപമാണ് മുടിയിൽ. വെടിയിലും പുകയിലും കരിയിലും നാനാ കർമ്മങ്ങളിലും വസിക്കുന്ന ദേവനാണ് താനെന്നാണ് തെയ്യത്തിന്റെ വാമൊഴി.

കർണ്ണാകടത്തിലെ ഉടുപ്പി മുതൽ കോഴിക്കോട് വരെ ഗുളികൻ തെയ്യം കെട്ടിയാടുന്നുണ്ട്. മലയരാണ് ഗുളികൻ തെയ്യം കെട്ടുന്നത്.

ദൈവത്താർ

പുലർകാലത്താണ് കിരാതമൂർത്തിയായ ദൈവത്താർ കെട്ടിയാടുന്നത്. ഐതിഹ്യവുമായി ബന്ധപ്പെട്ട തടുത്തുവേല ദൈവത്താറുമായുണ്ടായ ഏറ്റുമുട്ടലാണ് പുനരാവിഷ്‌കരിക്കുന്നത്. തടുത്തുവേല കഴിഞ്ഞാണ് ദൈവത്താർ തെയ്യത്തിന്റെ വിശദമായ ആട്ടം. മുന്നൂറ്റൻമാരാണ് ദൈവത്താർ തെയ്യം കെട്ടുന്നത്.

കുട്ടിച്ചാത്തൻ

പകൽ സമയത്താണു കുട്ടിച്ചാത്തൻ തെയ്യം. മുന്നൂറ്റൻമാരാണ് കുട്ടിച്ചാത്തൻ തെയ്യം കെട്ടിയാടുന്നത്.

ശ്രീപോതി

കൂടെയുള്ളോർ. അറക്കൽ ക്ഷേത്രത്തിലെ പ്രധാന തെയ്യം ശ്രീപോതിയുടേതാണ്. പൂമാലയും ചുവന്ന പട്ടുമാണ് തെയ്യത്തിനുളള പ്രധാന വഴിപാട്. തെയ്യം കെട്ടിനു മുഖ്യ അവകാശമുളള മലയനോ അദ്ദേഹം നിർദ്ദേശിക്കുന്ന ആളോ ആയിരിക്കും ശ്രീപോതി തെയ്യം കെട്ടുന്നത്. ആമ്പൽപൊയ്കാ തീരത്തുനിന്നുളള താലപ്പൊലിക്കും, ആറാട്ടിനും ശ്രീപോതി അകമ്പടിയുണ്ടാവും.

വിഷ്ണുമൂർത്തി

നരസിംഹമൂർത്തിയാണു വിഷ്ണുമൂർത്തി തെയ്യം. നരസിംഹാവതാര കഥയാണു തെയ്യാട്ടത്തിൽ അവതരിപ്പിക്കുന്നത്. അവസാനം കെട്ടിയാടുന്ന തെയ്യമാണ് വിഷ്ണുമൂർത്തി. വിഷ്ണുമൂർത്തി തെയ്യത്തിന്റെ കൂടെ ചാമുണ്ഡിയും ഉണ്ട് എന്നൊരു സങ്കൽപമുണ്ട്. തെയ്യത്തിനെ പഴയകാലത്ത് ചാമുണ്ഡി എന്നു കൂടി വിളിച്ചിരുന്നു. വിശദമായ തിറയാട്ടത്തിനു ശേഷമാണ് വിഷ്ണുമൂർത്തിയുടെ അഗ്നിപ്രവേശം. താലപ്പൊലിയെ അനുഗമിക്കുന്ന വിഷ്ണുമൂർത്തി സമുദ്രത്തിൽ ആറാട്ടും കഴിഞ്ഞ് ഗുരുതി കർമ്മം നിർവ്വഹിക്കുന്നു. മംഗലാപുരത്തെ ജെപ്പ് എന്ന സ്ഥലത്തെ കോയിൽ കുടിപാടി എന്ന തറവാട് ആണ് തെയ്യത്തിന്റെ മൂലസ്ഥാനം.


Home/fests/theyyam