0496 - 2231344 arakkaltemple@gmail.com acebook

ഏളത്തമഹോത്സവം


അറക്കൽ ക്ഷേത്രം ആചാരക്കാരും നാട്ടുകാരും നീലേശ്വരം പടിഞ്ഞാറ്റം കൊഴുവലിലെ പ്രബല നായർ സമുദായവും നാട്ടുകാരും സംയുക്തമായാണ് ഏളത്ത മഹോത്സവം നടത്തുന്നത്. വെളിച്ചപ്പാടൻമാരും, തിരുവായുധക്കാരനും (വിഷ്ണുമൂർത്തി) തിരുവായുധങ്ങളുമേന്തി പ്രത്യേക സ്ഥാനങ്ങളിലേക്കും പ്രധാന ഗൃഹങ്ങളിലേക്കും എഴുന്നളളുന്ന ചടങ്ങാണ് ഏളത്തം. ദൈവിക പരിവേഷത്തോടെ എഴുന്നളളുന്ന ഏളത്തത്തിനു വാദ്യമേളങ്ങളും കുത്തുവിളക്കുകളും ഓംകാര വിളിയുടെ ആരവുമായി മടപ്പളളിയിലെയും നീലേശ്വരത്തെയും ഭക്തരും അകമ്പടിയുണ്ടാവും. കോയ്മ മുന്നിൽ നയിക്കും. (ക്ഷേത്രത്തിന്റെ അതത് പ്രദേശത്തെ രക്ഷാധികാരിയാണു കോയ്മ.) കൈക്കാരനും ഊരാളന്മാരും കൂടെയുണ്ടാവും.

ഉച്ച കഴിഞ്ഞാണ് ഭണ്ഡാരപ്പുര കടപ്പുറത്ത് ഭഗവതി ക്ഷേത്രത്തിൽ ഏളത്തം ആരംഭിക്കുന്നത്. നിയോഗമുണ്ടായി ശ്രീകോവിലിനഭിമുഖമായി വെളിച്ചപ്പെടുന്ന സ്ഥാനികർ കൂട്ടത്തിലറ ക്ഷേത്രത്തിൽ നിന്നും തിരുവായുധക്കാരൻ (വിഷ്ണുമൂർത്തി) എത്തി അടയാളം കൊടുക്കുന്നതോടെയാണ് ഏളത്തം എഴുന്നളളത്ത് ആരംഭിക്കുന്നത്. ദേവിമാരുടെ ഏളത്ത് ഭക്തിസാന്ദ്രവും ഐശ്വര്യകാരണവുമാണ്. ഏളത്തിനെ നിറദീപം വെച്ച് സ്വീകരിക്കുകയും തറവാട്ടു കാരണവർ അരിചാർത്തി അകത്തേക്ക് ആനയിക്കുകയും ചെയ്യും. മഞ്ഞൾക്കുറിയെറിഞ്ഞ് അനുഗ്രഹം ചൊരിയുമ്പോൾ വീട്ടുകാർ ധനധാന്യാദികൾ കാണിക്ക നൽകും.

സാധാരണ മൂന്നു വർഷം കൂടുമ്പോഴാണ് ഏളത്തമഹോത്സവം നടക്കുന്നത്. മേടം പത്തിനു കൊടിയേറും. ഏഴു മുതൽ പത്ത് ദിവസം വരേ നീണ്ടു നിൽക്കും. ഒന്നാം നാൾ തളിയിൽ ക്ഷേത്രം, രണ്ടാം നാൾ കക്കാട്ട് കോവിലകം, തുടർന്നുളള ദിവസങ്ങളിൽ പ്രധാന ഗൃഹങ്ങൾ എന്നിങ്ങനെയാണു ഏളത്തം എഴുന്നളളുന്നത്. ഏളത്ത മഹോത്സവത്തിന്റെ നടത്തിപ്പിനായി ആദിയിൽ അരുളപ്പാട് പ്രകാരമുളള പെണ്ണെണ്ണി പണം തെങ്ങെണ്ണിതേങ്ങ വയലെണ്ണികറ്റ തൊഴു പണം എന്നിങ്ങനെ ശേഖരിക്കുന്നതും ഏളത്തിന്റെ ഗൃഹസന്ദർശന വേളയിലാണ്. അർദ്ധരാത്രി ഗുരുതി തർപ്പണതോടെയാണ് ഏളത്ത മഹോത്സവം സമാപിക്കുന്നത്.


Home/fests/elatham