0496 - 2231344 arakkaltemple@gmail.com acebook

ക്ഷേത്ര ഐതീഹ്യം


വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന ശക്തിചൈതന്യമായ തമ്പുരാട്ടിയമ്മയുടെ പുരാവൃത്തം, ദർശനവഴികളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട ചരിത്രവും ഐതിഹ്യവും ഇഴചേർന്ന ആ നാൾവഴികൾ ഇങ്ങിനെ സംഗ്രഹിക്കാം.

ദേവലോകത്ത് നിന്നും മഹാവിഷ്ണുവിന്റെ അനുഗ്രഹം കൈകൊണ്ട് പുറപ്പെട്ട ദേവിമാർ (അമ്മയും മകളും) ഹിമാലയത്തിലെത്തി. ബ്രഹ്മാവിനെ തപസ്സ് ചെയ്ത് കൂടുതൽ ശക്തിചൈതന്യങ്ങളാർജ്ജിച്ച് ആര്യക്കെട്ടും കടന്നു മലയക്കെട്ടിലെത്തി ഇരിപ്പുറപ്പിച്ചു.

ഒരു നാൾ തന്ത്രിക്ക് പന്തിയിൽ പിഴച്ചതിൽ അതൃപ്തരായ അമ്മയും മകളും മലയക്കെട്ടിറങ്ങി അളളട (നീലേശ്വരം) നാട്ടിലെത്തി. സാക്ഷാൽ നീലകണ്‌ഠേശ്വരന്റെ ദേശമായ നീലേശ്വരം എന്ന ദേവഭൂമിയുടെ പ്രകൃതിയിലും സൗന്ദര്യത്തിലും ആകൃഷ്ടരായ ദേവിമാർ അവിടെ ഇരിപ്പിടം ആഗ്രഹിച്ചു. തൈക്കടപ്പുറത്തെ തൈമുകയന് ദൈവനിയോഗമുണ്ടായി. അമ്മക്കും മകൾക്കും ഇരിക്കാൻ ഇരിപ്പിടം വേണമെന്ന അഭീഷ്ടം അരുളപ്പാടായി വന്നു. എന്നാൽ നിലേശ്വരം രാജാവ് ഈ ആഗ്രഹത്തെ പരിഗണിച്ചില്ല.

തുടർന്നു നീലേശ്വരം തളിക്ഷേത്രത്തിലെ ശാന്തിക്ക് ദൈവനിയോഗമുണ്ടായി. അമ്മക്കും മകൾക്കും ഇരിക്കാൻ ഇരിപ്പിടം വേണമെന്ന ആവശ്യം ആവർത്തിക്കപ്പെട്ടു. എന്നാൽ ഈ അരുളപ്പാടിനും രാജാവിൽ നിന്നും അനുകൂല പ്രതികരണമുണ്ടായില്ല. മാത്രമല്ല അത്രയ്ക്ക് ശക്തിയുളള ദേവിമാരാണെങ്കിൽ നൂലിട്ടാൽ നൂലെത്താത്ത (ആഴം കാണാത്ത) എടത്തൂർ അഴി കരയാക്കി ഇരുന്നോട്ടെ എന്നും പ്രതികരിച്ചുവത്രെ.

വീണ്ടും നിയോഗമുണ്ടായ തൈമുകയൻ കോയ്മയും മാടമ്പിമാരുമൊത്ത് ഒരു ചങ്ങാടത്തിൽ പുഴമദ്ധ്യത്തിലെത്തി. താമരയിളതിൽ കർപ്പൂരം തെളിയിച്ച് പുഴ മദ്ധ്യത്തിൽ സമർപ്പിച്ചു. താമരയിതളും കർപ്പൂര ദീപവും അതിവേഗം വട്ടം ചുറ്റി. ഒരു ചുഴി രൂപപ്പെട്ടു. ദീപം ചുഴിയുടെ ആഴങ്ങളിലേക്ക് താണു പോയി.

പെട്ടെന്ന് അകാലത്തിൽ ഇടിവെട്ടി. മണൽകൂമ്പാരമുയർന്നു. അഴിമുഖം അടഞ്ഞു. മാനം കറുത്തിരുണ്ട് അതിശക്തമായ ഇടിമിന്നലും കാറ്റും കോളും ആരംഭിച്ചു. വെളളമുയരാൻ തുടങ്ങി. പ്രളയജലം കിഴക്കോട്ടൊഴുകി തുടങ്ങി ആളുകൾ ഭയവിഹ്വലരായി . പ്രളയജലത്തിന്റെ പ്രകമ്പനം തളിക്ഷേത്രചിറയിൽ വരെ അലയടിച്ചു. ചിറമതിലിന്റെ ഒരു ഭാഗം തകർന്നു. ദേവിമാരുടെ ശക്തി ബോദ്ധ്യപ്പെട്ട രാജാവ് ജ്യോതിഷിയെ വരുത്തി ജ്യോതിഷ പ്രശ്‌നചിന്ത നടത്തി. പ്രശ്‌നചിന്തയിൽ ദേവിമാരുടെ സാന്നിദ്ധ്യം തെളിഞ്ഞു. പരിഹാരാർത്ഥം അമ്മക്കും മകൾക്കും ഇരിക്കാൻ ഇടം നൽകാമെന്നും തൈക്കടപ്പുറത്ത് ക്ഷേത്രം പണിത് കുടിയിരുത്താമെന്നും വലിയ വട്ടളം ഗുരുതി നടത്താമെന്നും ഉൽസവ ഏളത്തം നടത്താമെന്നും തീരുമാനമുണ്ടായി.

ഏവരെയും സ്തബ്ദരാക്കിക്കൊണ്ട് എടത്തൂർ അഴി-ഏഴായി മുറിഞ്ഞു. ഒരു കര ഉയർന്നുവന്നു. അവിടെ ക്ഷേത്രം പണിത് അമ്മ ഭഗവതിയെയും മകൾ ഭഗവതിയെയും കുടിയിരുത്തി. ഏളത്തം നടത്തിപ്പിനായി പെണ്ണെണ്ണി പണം തെങ്ങെണ്ണി തേങ്ങ വയലെണ്ണി കറ്റ തൊഴുപണം എന്നിങ്ങനെ ശേഖരിക്കണമെന്നും ഏളത്തത്തിന് അഞ്ഞൂറ് ലോകരും നാല് മാടമ്പിമാരും കോയ്മയും ഉണ്ടായിരിക്കണമെന്നു അരുളപ്പാടുണ്ടായി.

"കാലം കടന്നു പോയി" ഉപജീവനാർത്ഥം കടലിൽ വളളമിറക്കിയ ഒഞ്ചിയം മുകയനും കോട്ടിക്കൊല്ലം മുസ്ലിമും കാറ്റിലും കോളിലും പെട്ടു. നിയന്ത്രണം നഷ്ടപ്പെട്ട് ദിശതെറ്റിയ വളളം വടക്ക് ദിക്കിലേക്കാണൊഴുകിയത്. കാറ്റും കോളുമടങ്ങിയപ്പോഴേക്കും നേരം ഇരുട്ടിയിരുന്നു. വെളിച്ചം കണ്ട ദിക്കിലേക്ക് അവർ തോണിയടുപ്പിച്ചു. അത് തൈക്കടപ്പുറം കടപ്പുറത്ത് ഭഗവതിക്ഷേത്രമായിരുന്നു. അവിടെ ഉൽസവം നടക്കുകയാണ്. രണ്ടു പേരും അവിടെ മനം നൊന്തു പ്രാർത്ഥിച്ചു. മാത്രമല്ല കടൽ വൃത്തിയിൽ എന്തു ലഭിച്ചാലും പകുതി ക്ഷേത്രത്തിൽ വഴിപാടായി സമർപ്പിക്കാമെന്നു നേർച്ച നേരുകയും ചെയ്തു.

അടുത്ത ദിവസം രാവിലെ തോണിയിറക്കിയ അവരുടെ മുന്നിൽ തലേന്നത്തെ കാറ്റിലും കോളിലും പെട്ട് ദിശ തെറ്റിയ നിലയിൽ ഒരു പായക്കപ്പൽ എത്തി. പതിനാലു പായകൾ കെട്ടിയ ഒരു വമ്പൻ പായ്ക്കപ്പൽ. പായ്മരത്തിനു മുകളിലായി രണ്ടു പഞ്ചവർണ്ണക്കിളികൾ. കപ്പലിനു ശരിയായ ദിശ കാണിച്ചു കൊടുത്തു. മുന്നോട്ട് നയിച്ചു. സന്തുഷ്ടരായ കപ്പലുകാർ അവർക്ക് പൊന്നും പണവും സമ്മാനിച്ചു. എന്നാൽ തങ്ങളുടെ വഴിപാട് മറക്കാതിരുന്ന ഒഞ്ചിയം മുകയനും കോട്ടിക്കൊല്ലൻ മുസ്ലീമും വീണ്ടും തൈക്കടപ്പുറത്ത് ക്ഷേത്രത്തിലെത്തി. തങ്ങൾക്ക് ലഭിച്ചതിൽ പകുതി അവിടെ സമർപ്പിച്ചു. അനന്തരം രണ്ട് പേരും തോണിയിറക്കി നാട്ടിലേക്ക് തുഴഞ്ഞു. പെട്ടെന്ന് തോണി അസാധാരണമായൊന്നുലഞ്ഞു. കാരണമറിയാൻ നോക്കിയ അവർ കണ്ടത് പായക്കൊമ്പത്ത് കപ്പലിന്റെ പായ്മരത്തിൽ കണ്ട പഞ്ചവർണ്ണക്കിളികളെയാണ്. അവരുടെ പ്രവൃത്തിയിലും സത്യസന്ധതയിലും സംപ്രീതരായ ദേവിമാർ പഞ്ചവർണ്ണക്കിളികളുടെ രൂപത്തിൽ കൂടെ പോരുകയായിരുന്നു.

കറുകച്ചാൽ മുക്കാൽ വട്ടം (പിന്നീട് മടപ്പളളി) എന്ന പുണ്യഭൂമിയിൽ തോണിയടുത്തു. ആമ്പൽ പൊയ്കാ തീരത്ത് വെച്ച് ഒഞ്ചിയം മുകയനു ദേവതാദർശനമുണ്ടായി. അമ്മക്കും മകൾക്കും ഇരിക്കാൻ ഇടം വേണമെന്നും ദാഹമകറ്റണമെന്നും അരുളപ്പാടുണ്ടായി. നിയോഗാവസ്ഥയിൽ അദ്ദേഹം പാഞ്ഞോടിയെത്തിയത് മടപ്പളളി പൊന്നൻ തറവാട്ട് വീട്ടിലാണ്. അവിടെ വെച്ച് നറും പാലും തുടർന്നു ഇളനീരും ആദരപൂർവ്വം സമർപ്പിച്ചു. പൂരം നാളിൽ മടപ്പളളി പൊന്നൻ തറവാട്ടിൽ നിന്നും പുറപ്പെടുന്ന പാലെഴുന്നളളതും അറക്കൽ ക്ഷേത്രത്തിലെ ഇളനീരാട്ടവും ഈ സ്മരണ പുതുക്കുന്നതാണ്.

ആമ്പൽ പൊയ്കാതീരത്ത് വെച്ച് ഒഞ്ചിയം മുകയന് ദർശനമുണ്ടായ സ്ഥലത്തു നിന്നാണ് ആറാട്ടിൻനാളിൽ താലപ്പൊലി പുറപ്പെടുന്നത്. അമ്മ, മകൾ ഭഗവതിമാരെ മടപ്പളളി പൊന്നൻ തറവാട്ടിൽ കുടിയിരുത്തി ക്ഷേത്രം പണിയാനും കോട്ടിക്കോല്ലൻ മുസ്ലിമിന് പളളി പണിയാനുമുളള സ്ഥലം മുട്ടുങ്ങൽ അരചനാൽ അനുവദിക്കപ്പെട്ടു. രണ്ട് ആരാധനാലയങ്ങൾക്കും സ്ഥാനനിർണ്ണയം നടത്തി കുറ്റി അടിച്ചു. എന്നാൽ ക്ഷേത്രത്തിനും പളളിക്കും അടിച്ച കുറ്റികൾ പരസ്പരം മാറിയതായാണ് പിറ്റെ ദിവസം കണ്ടത്. ഇത് ദേവഹിതമാണെന്ന് കണ്ട് പുതിയ സ്ഥാനത്ത് ക്ഷേത്രം പണിത് അമ്മ ഭഗവതിയെയും മകൾ ഭഗവതിയെയും പ്രതിഷ്ഠിച്ചു. അങ്ങിനെ കറുവച്ചാൽ മുക്കാൽവട്ടം മടപ്പളളി എന്ന അറക്കലമ്മ വാഴുന്നിടമായി.


Home/about/legend