0496 - 2231344 arakkaltemple@gmail.com acebook

ആചാരാനുഷ്ഠാനങ്ങൾ

പ്രാർത്ഥനാക്രമം
നീലേശ്വരം തളിയിലപ്പൻ (പരമശിവൻ) ആണ് അധീശദേവൻ (രക്ഷാകർത്താവ്) ആയതിനാൽ ആദ്യം തൊഴുത് വണങ്ങുന്നത് തളിയിലപ്പനെയാണ്. അമ്മ ഭഗവതിയുടെ തിരുനടയിൽ നിന്നും അല്പം വടക്ക് മാറി വടക്ക് പടിഞ്ഞാറെ ദിശയിലേക്ക് ആണ് തളിയിലപ്പനെ സങ്കൽപ്പിച്ച് പ്രാർത്ഥിക്കുന്നത്. തുടർന്ന് ധ്വജം, അമ്മ ഭഗവതി, മകൾ ഭഗവതി, ദൈവത്താർ, ശ്രീപോതി, ഗുരു, കുട്ടിച്ചാത്തൻ, ഗുളികൻ, ആൽത്തറ, ചിത്രകൂടം, വിഷ്ണുമൂർത്തി, ക്ഷേത്രപാലകൻ എന്നിങ്ങനെയാണ് പ്രാർത്ഥനാ ക്രമം.

വിശേഷദിവസങ്ങൾ
ക്ഷേത്രത്തിൽ നിത്യപൂജയില്ല. മാസസംക്രമം, ദുർഗ്ഗാഷ്ടമി, മഹാനവമി, വിജയദശമി, പുത്തരി, ധനുപത്ത്, പുനഃ പ്രതിഷ്ഠാ ദിനം, പൂരഉത്സവനാളുകൾ, വിഷു എന്നീ ദിവസങ്ങളിലാണ് നട തുറന്നു പൂജയും നിവേദ്യമുളളത്. പൂജാദി കർമ്മങ്ങൾ നിർവ്വഹിക്കുന്നത് ആചാര സ്ഥാനികരായ വെളിച്ചപ്പാടൻമാരും കാരണവരുമാണ്. വിശേഷ അവസരങ്ങളിൽ തന്ത്രിയുണ്ടാവും.

മാസസംക്രമം
എല്ലാ മലയാള മാസവും അവസാന ദിനമാണ് സംക്രമം. സംക്രമദിവസം പുലർച്ചെ നടതുറന്നു വിളക്കു വെക്കും. പകൽ പൂജകളും നിവേദ്യവും കഴിഞ്ഞ് ഉച്ചയ്ക്ക് മുമ്പ് നടയടക്കും.

കർക്കടകസംക്രമം
കർക്കടകസംക്രമം അടക്കും സംക്രമം എന്നും അറിയപ്പെടുന്നു. പുലർച്ചെ നടതുറക്കും. രാത്രിയാണു നിവേദ്യം. ഗുളികൻ, കുട്ടിച്ചാത്തൻ, ദൈവത്താർ, ശ്രീപോതി, വിഷ്ണുമൂർത്തി എന്നീ വെളളാട്ടങ്ങളുണ്ടാവും. എഴുന്നളളത്തും ഉണ്ടാവും. പിന്നീട് ഒരു മാസക്കാലം ക്ഷേത്രം അടച്ചിടും. ദീപാരാധനയുണ്ടാവില്ല. ക്ഷേത്രമതിലിനകത്ത് അരും പ്രവേശിക്കുകയില്ല. ദേവിമാർ ഹിമാലയത്തിൽ ബ്രഹ്മാവിനെ തപസ്സ് ചെയ്യാൻ പോവുകയാണു എന്നാണു സങ്കൽപം.

ചിങ്ങസംക്രമം.
തുറക്കുംസംക്രമം എന്നും അറിയപ്പെടുന്നു. കളളക്കർക്കടകത്തിന്റെ വറുതിയും കാലക്കേടുകളും കഴിഞ്ഞ് സമൃദ്ധിയുടെ ആഘോഷകാലത്തെ വരവേൽക്കുകയാണ് ചിങ്ങസംക്രമം. തലേദിവസം പരിസരമെല്ലാം വൃത്തിയാക്കും. പുലർച്ചെ നടതുറന്നു വിളക്കു വെക്കും. പകൽ വിവിധ പൂജകൾ. രാത്രി നിവേദ്യം. വെളളാട്ടങ്ങൾ, എഴുന്നളിപ്പ് എന്നിവ പതിവു പോലെയുണ്ടാവും.

നവരാത്രി മഹോത്സവം
തിന്മയുടെ മേൽ നൻമയുടെ വിജയമോഘോഷിക്കുന്ന നവരാത്രിക്കാലം ക്ഷേത്രത്തിൽ വലിയ പ്രാധാന്യത്തോടെ ആഘോഷിക്കുന്നു. എല്ലാ ദിവസവും കാലത്തും സന്ധ്യക്കും ദീപാരാധനയും വാദ്യമേളവുമുണ്ടാകും. ദുർഗ്ഗാഷ്ടമി, മഹാനവമി നാളുകളിൽ സംഗീതാർച്ചനയും നൃത്ത സാംസ്‌കാരിക പരിപാടികളുമുണ്ടാവും. പ്രദേശത്തെ നൂറുകണക്കിനു വിദ്യാർത്ഥികൾ പുസ്തകപൂജക്ക് എത്തും. ദുർഗ്ഗാഷ്ടമി, മഹാനവമി, വിജയദശമി ദിവസങ്ങളിൽ നടതുറന്നു പൂജയുണ്ടാവും. വിജയദശമി നാളിൽ വാഹനപൂജക്കും വിദ്യാരംഭത്തിനും വലിയ ഭക്തജന പങ്കാളിത്തം സാധാരണമാണ്.

പുത്തരി
തുലാമാസത്തിലെ പൂരം നാളിലാണ് പുത്തരി. പൂരം കഴിഞ്ഞാൽ പിന്നെ പ്രധാന ഉത്സവം പുത്തരിയാണ്. മുട്ടിൽ പുഴയൊഴുകിയിരുന്ന മടപ്പളളി പ്രദേശത്ത് നിറയെ വയലുകളുണ്ടായിരുന്നു. കന്നിക്കൊയ്ത്ത് കഴിഞ്ഞാൽ കാഴ്ചയായി സമർപ്പിക്കപ്പെടുന്ന കറ്റമെതിച്ച് പുത്തൻനെല്ല് പുഴുങ്ങിക്കുത്തിയുണ്ടാക്കുന്ന അവൽ നിവേദിക്കുന്നതാണ് പുത്തരിയുടെ പ്രധാന പൊരുൾ. പുലർച്ചെ നടതുറന്നു വിളക്കു വെക്കും. പകൽ വിവിധ പൂജകൾ. രാത്രിയാണു പുത്തരിനിവേദ്യം. ഗുളികൻ, കുട്ടിച്ചാത്തൻ, ദൈവത്താർ, ശ്രീപോതി, വിഷ്ണുമൂർത്തി വെളളാട്ടങ്ങളും എഴുന്നളളിപ്പും കരിമരുന്നു പ്രയോഗവും ഉണ്ടാവും.

ധനുപത്ത്
മണ്ഡല കാലവ്രതം അവസാനിക്കുന്ന ധനു പത്തിന് സംക്രമദിവസത്തെ ചടങ്ങുകളാണ് രാത്രിയാണ് നിവേദ്യം.

പുനഃപ്രതിഷ്ഠ
അഷ്ടമംഗല്യ പ്രശ്‌നം നടത്തി പരിഹാര കർമ്മമായി ജീർണ്ണോദ്ധാരണം നടത്തി, ശ്രീകോവിൽ കൃഷ്ണശില പാകി പുനഃപ്രതിഷ്ഠ നടന്നത് 2008 ഫിബ്രവരി 18 ന് പകൽ 11.54 നും 1.54 നും മദ്ധ്യേ ഉളള ശുഭമുഹൂർത്തതിൽ ആണ്. പുതുതായി സ്ഥാന നിർണ്ണയം നടത്തി നിർമ്മിച്ച ക്ഷേത്ര പാലകന്റെ പ്രതിഷ്ഠയും അതേസമയം നടന്നു. കുംഭമാസത്തിലെ പുണർതം നക്ഷത്രമാണ് പുനഃപ്രതിഷ്ഠ ദിനമായി ആചരിക്കുന്നത്. വിശേഷ പൂജകൾ ഉണ്ടാവും.

വിഷുക്കണി
മേടം ഒന്നിനു പുലർച്ചെയൊരുക്കുന്ന വിഷുക്കണി ദർശിക്കാൻ നൂറുക്കണക്കിനു ഭക്തജനങ്ങളെത്തിച്ചേരും. എല്ലാവർക്കും വിഷുകൈനീട്ടവും കണിവെച്ച അപ്പം പ്രസാദമായും ലഭിക്കും.


Home/fests/rituals