0496 - 2231344 arakkaltemple@gmail.com acebook

പൂരമഹോത്സവം


വടക്കേമലബാറിലെ അതിപ്രശസ്ത ഉത്സവങ്ങളിൽ ഒന്നാണ് അറക്കൽ പൂര മഹോത്സവം. വൈവിദ്ധ്യമാർന്ന ഉത്സവചടങ്ങുകളും താളവും മേളവും വർണ്ണങ്ങളും തെയ്യങ്ങളും കരിമരുന്നു പ്രയോഗവുമൊക്കെയായി ശ്രദ്ധേയമാണു അറക്കൽ പൂരം. മലബാറിലെ തൃശ്ശൂർ പൂരം എന്നാണ് അറക്കൽ പൂരം വെടിക്കെട്ടിനെ വിശേഷിപ്പിക്കുന്നത്. മീനമാസത്തിലെ രോഹിണിനാളിൽ കൊടിയേറി പൂരം നാളിൽ ആമ്പൽ പൊയ്കാ തീരത്ത് നിന്നുളള താലപ്പൊലിയും സമുദ്രത്തിൽ ആറാട്ടും കഴിഞ്ഞ് കൊടിയിറങ്ങും.

ലോകത്തിന്റെ വിവിധ പ്രദേശങ്ങളിൽ അധിവസിക്കുന്ന മടപ്പളളിക്കാർ പൂരക്കാലത്ത് നാട്ടിലെത്തും. ബന്ധുക്കളും സുഹൃത്തുകളും ഒക്കെയായി എല്ലാ ഗൃഹങ്ങളും അതിഥികളാൽ നിറഞ്ഞിരിക്കും. പൂരക്കാലത്ത് മടപ്പളളിക്കാരുടെ അതിഥി സൽക്കാരം എടുത്ത് പറയേണ്ടതാണ്. പുത്തരി കഴിയുന്നതോടെയാണ് പൂരത്തിനു വേണ്ടിയുളള പ്രവർത്തനങ്ങൾ ഊർജ്ജം വെക്കുന്നത്.

ചന്തലേലം

പൂരക്കാലത്ത് ക്ഷേത്രപരിസരത്ത് ഭക്ഷണപാനീയങ്ങൾ വിൽക്കാനും കച്ചവട സ്ഥാപനങ്ങൾ, മറ്റു വിനോദോപാധികൾ എന്നിവ പ്രവർത്തിപ്പിക്കുന്നതിനുളള താൽക്കാലിക അവകാശം ലേലം ചെയ്ത് ഉറപ്പിക്കുന്നതാണു ചന്തലേലം. പൂരത്തിനു ഒരു മാസം മുമ്പേയുളള ഞായറാഴ്ചയാണ് ചന്തലേലം നടക്കുന്നത്. ലേലത്തിൽ പങ്കെടുക്കുന്നവരും പ്രദേശവാസികളും സ്ഥാനികരും ഭരണസമിതി അംഗങ്ങളും ഒക്കെയായി ഒരുപാട് പേർ ചന്തലേലത്തിൽ പങ്കെടുക്കാനുണ്ടാവും.

കൊടിയേറ്റം

മീനമാസത്തിലെ രോഹിണിനാളിലാണ് കൊടിയേറ്റം. പുലർച്ചെ ക്ഷേത്രനട തുറന്നാൽ ആറാട്ട് കഴിഞ്ഞ് കഴകം പിരിയുമ്പോഴേ നടയടക്കുകയുളളൂ. അതിരാവിലെ ക്ഷേത്രം തന്ത്രിയുടെ കാർമ്മികത്ത്വത്തിൽ മഹാഗണപതി ഹോമവും തുടർന്നു പ്രസാദ വിതരണവും ഉണ്ടാവും. ഉച്ച മുതൽ നടക്കുന്ന വിഭവസമൃദ്ധമായ പ്രസാദ ഊട്ടിനു ആയിരക്കണക്കിനു ഭക്തജനങ്ങൾ എത്തിച്ചേരും. സന്ധ്യക്ക് ക്ഷേത്രവാദ്യ സംഘത്തിന്റെ പഞ്ചാരി മേളം ഇതിനു കൊമ്പും കുഴലുമൊക്കെയായി നൂറോളം വാദ്യകലാകാരൻമാർ അണിനിരക്കും.

രാത്രി ശുഭമുഹൂർത്തത്തിൽ അമ്മഭഗവതി വെളിച്ചപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിലാണു കൊടിയേറ്റ്. തുടർന്നു കരിമരുന്നു പ്രയോഗം. അടുത്ത ഒരാഴ്ചക്കാലം പ്രദേശത്ത് ആഘോഷക്കാലമാണ്. വീട് മോടിപിടിപ്പിക്കലും പുതുവസ്ത്രങ്ങൾ തെരഞ്ഞെടുക്കാനും അതിഥി സൽക്കാരം ഭംഗിയാക്കാനും ഗ്രാമവീഥികൾ അലങ്കരിക്കാനും മാത്രമല്ല. പുരോത്സവം ഗംഭീരമായി നടത്താനും നാട് മുഴുവൻ കൈമെയ് മറന്ന പ്രവർത്തനത്തിലായിരിക്കും. കൊടിയേറ്റം കഴിയുന്നതോടെ പൂക്കുട്ടികൾ, ആചാരസ്ഥാനികർ, കഴകക്കാർ എന്നിവരും സജീവമാവും. എല്ലാരും ക്ഷേത്രത്തിൽ തന്നെയാണ് വാസം.

അടുത്ത ദിനങ്ങളായ മകീര്യം, തിരുവാതിര, പുണർതം, പൂയ്യം, ആയില്യം, മകം, പൂരം, എന്നീ നാളുകൾ ഒന്നാം പൂവ്, രണ്ടാം പൂവ്, മൂന്നാം പൂവ് എന്നിങ്ങനെ അറിയപ്പെടുന്നു. ഓരോ ദിവസവും അതാത് നാളിന്റെ എണ്ണം സൂചിപ്പിച്ച് കതിനാ വെടികൾ മുഴക്കും. ഒന്നാം പൂവ് മുതൽ നാലാം പൂവ് വരെ പതിവ് ക്ഷേത്രചടങ്ങുകൾക്കും പൂജകൾക്കും പുറമെ കലാ സാംസ്‌കാരിക പരിപാടികൾ ഉണ്ടാവും. എന്നും കാലത്തും സന്ധ്യക്കും ക്ഷേത്രവാദ്യ സംഘത്തിന്റെ വാദ്യമേളവുമുണ്ടാവും.

ചെറിയ പൂരം

അഞ്ചാം ദിനമായ ആയില്യംനാൾ ചെറിയ പൂരം എന്നാണറിയപ്പെടുന്നത്. പതിവു പൂജകൾക്ക് പുറമെ രാവിലെ നടക്കുന്ന ഭണ്ഡാരം വെപ്പോടെയാണ് പ്രധാന ചടങ്ങുകൾ ആരംഭിക്കുന്നത്.

തിരുവാഭരണ എഴുന്നളളിപ്പ്

ഉച്ചയ്ക്ക് ശേഷം തെക്കെപുര തറവാട്ടിൽ നിന്നും തിരുവാഭരണ ഘോഷയാത്ര പുറപ്പെടും. പാണ്ടിമേളവും മുത്തുക്കുടകളും ഘോഷയാത്രയക്ക് ശോഭ പകരും. കുടുംബാംഗങ്ങളും ക്ഷേത്രഭാരവാഹികളും അനുഗമിക്കും. പൊന്നൻ തറവാട്ടിലും കൂടക്കൽ തറവാട്ടിലുമായി സൂക്ഷിച്ചിരുന്ന ദേവിയുടെ തിരുവാഭരണങ്ങൾ പിന്നീട് തെക്കേ പുരയിൽ സൂക്ഷിക്കാൻ തുടങ്ങി.

കൊടിവരവ്

സന്ധ്യക്ക് മുമ്പ് നടോർ വയലിൽ തറവാട്ട് മണ്ഡപത്തിൽ നിന്നും എത്തിച്ചേരുന്ന കൊടിവരവാണു മറ്റൊരു ചടങ്ങ്.

സന്ധ്യക്ക് ക്ഷേത്രവാദ്യസംഘത്തിന്റെ നൂറോളം കലാകാരന്മാർ അണിനിരക്കുന്ന പാണ്ടിമേളം ആണ് മറ്റൊരു പ്രധാന ആകർഷണം.

എഴുന്നളളത്ത്

അകായിൽ നിന്നും ആരംഭിച്ച് പുറത്തിറങ്ങി ക്ഷേത്രനടയിൽ തിരുവായുധങ്ങളുമായി ഉറഞ്ഞുതുളളുന്ന വെളിച്ചപ്പാടുമാർ ഭക്തിനിർഭരമായ ചടങ്ങാണ്. ഗജവീരന്മാരുടെ അകമ്പടിയോടെയാണ് എഴുന്നളളത്ത് ക്ഷേത്രത്തിനെ വലംവെക്കുന്നത്. കൊടി, തഴ, മേലാപ്പ്, പന്തങ്ങൾ എന്നിവയുമായി കഴകക്കാർ മുന്നിലും പിന്നിലുമായുണ്ടാവും.

വടക്കേനട

വടക്കേനട പ്രത്യേകതകൾ ഉളളതാണ്. എഴുന്നളളത്തിന്റെ പ്രദക്ഷിണ വഴിയിൽ പ്രധാന അരുളപ്പാടുകൾ സംഭവിക്കുന്നത് വടക്കേ നടയിൽ വെച്ചാണ്. ഭക്തജനങ്ങൾ ആവലാതികൾ ബോധിപ്പിക്കുന്നതും പരിഹാര നിർദ്ദേശങ്ങളായി അരുളപ്പാടുകൾ ഉണ്ടാവുന്നതും വടക്കേ നടയിൽ വെച്ചാണ്. എഴുന്നളളത്തം വടക്കേനടയിൽ എത്തുമ്പോൾ കൂടെയുളേളാരുടെ വെളിച്ചപ്പാട് പൊടിക്കളത്തിലേക്ക് പോവുന്ന ചടങ്ങുണ്ട്. രാത്രി വൈകി രണ്ട് എഴുന്നളളത്ത് കൂടിയുണ്ട്.

നാഗാരാധന

അതിപ്രധാനമായ നാഗാരാധന എഴുന്നളളത്തിനു ശേഷമുള്ള ശുഭമുഹൂർത്തത്തിലാണ്. മകൾ ഭഗവതി വെളിച്ചപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിലാണ് ചിത്രകൂടത്തിൽ നാഗാരാധന നടക്കുന്നത്. നാഗദൈവങ്ങളെ പ്രീതിപ്പെടുത്താൻ ഭക്തർ എളളും മുട്ടയും സമർപ്പിക്കും. നാഗദൈവങ്ങൾക്ക് എളളും മുട്ടയും നിവേദിച്ച് വിശേഷപൂജകൾക്ക് ശേഷം നാൽപത്തിയൊന്നു നാൾ വ്രതമനുഷ്ടിച്ച ഭക്തർ ക്ഷേത്രക്കിണറ്റിൽ നിന്നും ശേഖരിക്കുന്ന നൂറ്റിയൊന്നു കുടം ജലം ധാരമുറിയാതെ ചിത്രകൂടത്തിൽ അഭിഷേകം ചെയ്യുന്നു. ഭക്തിസാന്ദ്രവും ഉദ്വേഗഭരിതവുമായ നാഗാരാധനക്ക് സാക്ഷ്യം വഹിക്കാൻ ആയിരങ്ങൾ നേരത്തേ സ്ഥലം പിടിച്ചിട്ടുണ്ടാവും. ഗംഭീര കരിമരുന്നു പ്രയോഗത്തോടെയാണ് ചെറിയ പൂരം അവസാനിക്കുന്നത്.

പ്രധാന ഉൽസവം

മീനമാസത്തിലെ മകം നാൾ (ആറാം പൂവ്) ആണു പ്രസിദ്ധമായ അറക്കൽ പൂരം. പതിവു പൂജകൾക്കു പുറമെ ഉച്ച മുതൽ ആണു പ്രധാന ചടങ്ങുകൾ തുടങ്ങുന്നത്.

പ്രാദേശിക അടിയറ വരവുകൾ

ഉച്ചയോടെയാണു പ്രാദേശിക അടിയറ വരവുകൾ ക്ഷേത്രത്തിലേക്ക് പുറപ്പെടുന്നത്. കൊടികളും ഇളനീർ കാവുകളുമായി വാദ്യമേളങ്ങളും ആരവുമായി ആണു ആഘോഷവരവുകൾ ക്ഷേത്രത്തിലെത്തുന്നത്. വടകര താലുക്കിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അടിയറ വരവുകൾ എത്താറുണ്ട്. ഓരോ നാട്ടുവഴികളിലും ആരവങ്ങളുമായി ക്ഷേത്രത്തിലേക്ക് നീങ്ങുന്ന അടിയറ വരവുകൾ കാണാം. സ്ഥിരമായുളളത് കൂടാതെ വഴിപാടുകളായും അടിയറ വരവുകൾ ഉണ്ടാവും.

തണ്ടയാന്റെ വരവ് ആണ് ആദ്യം. തണ്ടയാന്റെ അടിയറവരവ് ചുറ്റുമതിലിനകത്ത് പ്രവേശിച്ചതിനു ശേഷം മാത്രമേ മറ്റു അടിയറ വരവുകൾ ചുറ്റുമതിലിനകത്തേക്ക് പ്രവേശിക്കുകയുളളൂ. അടിയറ വരവുകൾ സന്ധ്യ വരെ തുടരും. തുവ്വക്കാർ (തോട്ടിന്റപ്പുറം) നടമ്മൽ, കളത്തിൽ മാടത്തിങ്കൽ, ഉത്താലച്ചീന്റവിട, തോണിപ്പുരയിൽ, പോന്തയിൽ തുടങ്ങിയവ പ്രധാന ആഘോഷവരവുകളാണ്. തുവ്വക്കാരുടെയും നടമ്മൽക്കാരുടെയും ആഘോഷ വരവ് ഗജവീരന്റെ അകമ്പടിയോടെയാണ്.

വടകരവരവ്

വടകരയിൽ നിന്നുമുളള ഭണ്ഡാരവരവ് വടകര തെക്കെപുര തറവാട്ട് സ്ഥാനത്തു നിന്നും ആരംഭിക്കുന്നു. തീരദേശം വഴി സഞ്ചരിക്കുന്ന വരവ് സന്ധ്യ കഴിഞ്ഞയുടൻ ക്ഷേത്രത്തിലെത്തും. അറക്കൽ ക്ഷേത്രത്തിന്റെ ഭാഗമായ, വടകരയിൽ താമസിക്കുന്ന മുഴുവൻ കുടുംബാംഗങ്ങളും പൂരത്തിനു പങ്കെടുക്കാൻ ആഘോഷമായി എത്തിച്ചേരുന്ന ചരിത്രത്തെ ഓർമ്മിപ്പിക്കുന്നു വടകര വരവ്. ആനയും, താലവും മുത്തുക്കുടകളും വാദ്യമേളവുമായി മനോഹരമായ കാഴ്ചാനുഭവം കൂടിയാണു വടകരവരവ്. വടകരവരവിനെ ഗുളികൻ വെളളാട്ടം പുറത്തിറങ്ങി ആശീർവദിച്ച് ആനയിക്കും.

താലം വരവ്

പൂരത്തിന്റെ ഏറ്റവും ദൃശ്യചാരുതയാർന്ന ഘോഷയാത്രയാണ് ഗവൺമെന്റ് ഫിഷറീസ് എൽ.പി.സ്‌കൂളിൽ നിന്നും പുറപ്പെടുന്ന താലം വരവ്. താലമേന്തിയ നൂറുക്കണക്കിന് ബാലികമാർ, മുന്നിൽ നിന്നും നയിക്കാൻ കൊമ്പും കുഴലും നാദം ചേർക്കുന്ന ക്ഷേത്രവാദ്യസംഘത്തിന്റെ പാണ്ടിമേളം അകമ്പടിയായി മുത്തുക്കുടകളും ഗജവീരന്മാരും. താലം വരവ് എത്തുന്നതോടെ ക്ഷേത്രവും പരിസരവും തിങ്ങിനിറയും.

വിദ്യാഭ്യാസ പരമായി പിന്നോക്കം നിന്നിരുന്ന മടപ്പളളി പ്രദേശത്ത് ഒരു എൽ.പി. സ്‌കൂൾ മാത്രമാണുണ്ടായിരുന്നത്. 1946 ൽ എൽ.പി സ്‌കൂൾ ഹൈസ്‌കൂളായി ഉയർത്താൻ ഗവൺമെന്റ് തീരുമാനമുണ്ടായി. നിശ്ചിത കാലയളവിനുളളിൽ കെട്ടിടം നിർമ്മിച്ച് കൈമാറിയാൽ മാത്രമേ തീരുമാനം നടപ്പിലാവുമായിരുന്നുളളൂ. ശ്രീ.ഉപ്പാലക്കൽ ശങ്കരൻ ആണ് കെട്ടിടം നിർമ്മിച്ച് നൽകാൻ ഉളള ചുമതല ഏറ്റെടുത്തത്. ഭാരിച്ച സാമ്പത്തിക ബാധ്യത ഉളള കെട്ടിട നിർമ്മാണവും സമർപ്പണവും നിശ്ചയിച്ച സമയത്തിനുളളിൽ നടക്കുമോയെന്ന ആശങ്ക ഉയർന്നു. എല്ലാം ഉദ്ദേശിച്ച പോലെ ഭംഗിയായി നടന്നാൽ സ്‌കൂളിൽ നിന്നും ഒരു ദീപം എല്ലാ പൂരം നാളിലും ക്ഷേത്രത്തിൽ എത്തിക്കാം എന്ന് നേർച്ച നേർന്നു. ഇതാണ് ഇന്നത്തെ രീതിയിലുളള താലം വരവായി വളർന്നത്.

എഴുന്നളളിപ്പ്

താലം വരവ് മൂന്ന് പ്രദക്ഷിണം പൂർത്തിയാക്കുന്നതോടെ എഴുന്നളളിപ്പ് ആരംഭിക്കുന്നു. അകായിൽ ശ്രീകോവിലിനും മുമ്പിൽ വെച്ചാണ് ചുവന്ന പട്ടും പ്രത്യേക സ്വർണ്ണാഭരണങ്ങളുമണിഞ്ഞ് വെളിച്ചപ്പാടൻമാർ തുളളി ഉറയുന്നത്. തിരുവായുധങ്ങളുമായി തിരുനടയിലുളള വെളിച്ചപ്പെടലിനടയ്ക്കാണ് അരുളപ്പാടുകൾ ഉണ്ടാകുന്നത്. ഇതിൽ ഐതിഹ്യവും ഹിതാഹിതങ്ങളുമുണ്ടാകും. എഴുന്നളളത്ത് പ്രദക്ഷിണം വെക്കുമ്പോൾ വാദ്യമേളവും കൊടികളും തഴയും മേലാപ്പും അകമ്പടിയുണ്ടാകും. ഉപദേവതകളുടെ വിഗ്രഹം തലയിലേറ്റി ആയുധങ്ങളുമേന്തി പൂക്കുട്ടികളും തിടമ്പേറ്റി ആലവട്ടവും വെഞ്ചാമരവും വീശി ഗജവീരന്മാരും പിന്നാലെയുണ്ടാകും. ഭക്തിനിർഭരമായ എഴുന്നളളത്ത് പ്രദക്ഷിണ വഴിയിൽ വടക്കേ നടയിൽ നിലയുറപ്പിച്ച് ഭക്തരെ കേൾക്കും. അരുളപ്പാടുകളും അനുഗ്രഹാശിസ്സുകളും ചൊരിയും.

പാലെഴുന്നളളത്ത്

മടപ്പളളി പൊന്നൻ തറവാട്ട് ഗൃഹത്തിൽ നിന്നുമാണു പാലെഴുന്നളളത് പുറപ്പെടുന്നത്. ഐതിഹ്യത്തിൽ തറവാട് ഗൃഹത്തിൽ വെച്ച് പാൽ സമർപ്പിച്ചതിന്റെ ആവിഷ്‌കാരമാണ് പാലെഴുന്നളളത്ത്. ഓട്ടുമുരുടകളിൽ നിറച്ച നറും പാൽ പൂജാദി കർമ്മങ്ങൾക്ക് ശേഷം വ്രതമെടുത്ത കന്യകമാർ തലയിലേറ്റുന്നു. ഊരാളന്മാരുടെ പിന്മുറക്കാരായ കന്യകമാർക്കാണു പാൽപാത്രം എടുക്കുവാനുളള അവകാശം. വാദ്യമേളങ്ങളും ഗജവീരന്മാരുമുണ്ടാവും. മുത്തുക്കുടയേന്തി സ്ത്രീകളും മറ്റു കുടുംബാംഗങ്ങളും അനുഗമിക്കുന്നു.

ഇളനീരാട്ടം

അർദ്ധരാത്രയിലാണു ഇളനീരാട്ടം എന്ന ഇളനീരഭിഷേകം. അടിയറവരവുകാർ സമർപ്പിച്ച ഇളനീരുകൾ തണ്ടയാൻ ചെത്തി തയ്യാറാക്കി വെക്കും. ആദിയിലുണ്ടായ ദർശനത്തിൽ ഇളനീർ സമർപ്പിച്ച് ആദരിച്ച ഐതിഹ്യമാണ് ഇളനീരാട്ടത്തിന്റെ പൊരുൾ.

പൂക്കലശം വരവ്

പൂരത്തിന്റെ രോമാഞ്ചജനകവും ഉദ്വേഗഭരിതവുമായ കാഴ്ചാനുഭവം കൂടിയാണ് പൂക്കലശം വരവ്. അറക്കൽ ക്ഷേത്രത്തിൽ നിന്നും ഏകദേശം അരകിലോമീറ്റർ വടക്ക് പാലക്കൂൽ ശ്രീ കുട്ടിച്ചാത്തൻ ക്ഷേത്രത്തിൽ നിന്നുമാണു വ്രതാനുഷ്ടാനത്തോടെയുളള പൂക്കലശം വരവ് പുറപ്പെടുന്നത്. പൂക്കലശം അലങ്കരിക്കാൻ പൂക്കളും കുരുത്തോലയും മാത്രമേ ഉപയോഗിക്കുന്നുളളൂ. പൂക്കളാൽ അതിമനോഹരമായി അലങ്കരിച്ച കലശങ്ങൾ ചുറ്റിലും ജ്വലിക്കുന്ന തീപ്പന്തങ്ങൾ ചേർത്ത് കെട്ടി, രാത്രിയുടെ മദ്ധ്യയാമത്തിൽ ഒന്നിനു പിറകെ ഒന്നായി അഗ്നിയിലാറാടി വരുന്ന കാഴ്ച വിസ്മയപ്പെടുത്തും.

കരിമരുന്നു പ്രയോഗം

അറക്കൽ പൂരത്തിന്റെ വിസ്മയഗാംഭീര്യം ഉൾക്കൊളളുന്നതാണ് രാത്രിയുടെ മദ്ധ്യയാമത്തിലും അന്ത്യയാമത്തിലുമായി നടക്കുന്ന അതിഗംഭീര കരിമരുന്നു പ്രയോഗം. തൃശ്ശൂർ പൂരം വെടിക്കെട്ടിനെ അനുസ്മരിപ്പിക്കും വിധം ഉത്തരമലബാറിലെ തന്നെ പ്രധാന വെടിക്കെട്ടാണ് ശബ്ദവും വർണ്ണവും വെളിച്ചവും വിസ്മയം തീർക്കുന്ന അറക്കൽ പൂരം വെടിക്കെട്ട്. കരിമരുന്ന് പ്രയോഗത്തിനുളള സമയമാവുമ്പോഴേക്കും ക്ഷേത്രപരിസരവും പരിസരപ്രദേശങ്ങളും സൂചികുത്താനിടമില്ലാത്ത വിധം ജനനിബിഡമാവും. സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിത സ്ഥാനത്തിരുന്നു വെടിക്കെട്ടാസ്വദിക്കാമെന്നത് ക്ഷേത്രപരിസരത്തിന്റെ പ്രത്യേകതയാണ്. വെടിക്കെട്ടു കഴിഞ്ഞാൽ ഉടുവസ്ത്രം മുഷിയാതെ മണൽ പരപ്പിൽ വിശ്രമിക്കാമെന്നതും മറ്റൊരു സവിശേഷത.

തർപ്പണം

ആമ്പൽപൊയ്കയുടെ വടക്കേ ചാലിലുളള പൊടിക്കളത്തിലാണു ഭൂതഗണങ്ങൾക്കുളള ഗുരുതി തർപ്പണം. ആചാരസ്ഥാനികരുടെ സാന്നിദ്ധ്യത്തിൽ ക്ഷേത്രം കാരണവരുടെ മുഖ്യകാർമ്മികത്വത്തിലാണു ഗുരുതിതർപ്പണം.

ഏഴാംപൂവ്

കരിമരുന്നു പ്രയോഗം കഴിയുന്നതോടെ കെട്ടിയാട്ടങ്ങൾ തുടങ്ങുകയായി. ഗുളികൻ, ദൈവത്താർ, കുട്ടിച്ചാത്തൻ, ശ്രീപോതി, വിഷ്ണുമൂർത്തി എന്നീ ക്രമത്തിലാണു തെയ്യം കെട്ടിയാടുന്നത്. പ്രധാന ദേവതമാരായ അമ്മ, മകൾ ഭഗവതിമാർക്കും. ക്ഷേത്രപാലകനും കെട്ടിയാട്ടമില്ല.

തടുത്തുവേല

ദൈവത്താർ തെയ്യവും ഭഗവതിയുടെ പ്രതിപുരുഷന്മാരായ വെളിച്ചപ്പാടുമാരുമായുളള ഏറ്റുമുട്ടലാണ് തടുത്തുവേല. ഭഗവതിമാരുടെ കറുവച്ചാൽ മുക്കാൽ വട്ടത്തിലേക്കുളള വരവും, വഴി തടഞ്ഞ ദൈവത്താറുമായുണ്ടായ ഏറ്റുമുട്ടലും തുടർന്നുടലെടുത്ത പിരിയാത്ത സൗഹൃദവും, ഐതിഹ്യകഥയുടെ ഓർമ്മപ്പെടുത്തലാണു തടുത്തുവേല. തങ്ങളുടെ കൈവശമുളള ചങ്ങലവട്ട, കിണ്ണം, ചെമ്പ്പാത്രം എന്നിവ ആയുധമാക്കി ദൈവത്താറിനോടേറ്റുമുട്ടുന്ന വെളിച്ചപ്പാടൻമാരും പിന്നോട്ട് സഞ്ചരിച്ച് പ്രതിരോധിക്കുന്ന ദൈവത്താറും പുലർകാലത്തുളള പ്രധാന ചടങ്ങ് ആണ്. തടുത്തു വേല കഴിയുമ്പോഴേക്കും ആറാട്ട് നാൾ (ഏഴാം പൂവ്) അറിയിച്ചു കൊണ്ട് ഏഴ് കതിനവെടികൾ മുഴങ്ങും.

താലപ്പൊലി

ആമ്പൽപൊയ്കാ തീരത്തു ആദിയിൽ ഒഞ്ചിയം മുകയനു ഭഗവതീ ദർശനമുണ്ടായ സ്ഥലത്ത് നിന്നുമാണ് താലപ്പൊലി പുറപ്പെടുന്നത്. ഐതിഹ്യവുമായി ബന്ധപ്പെട്ടതാണു അതിപ്രധാനമായ താലപ്പൊലി. ഊരാളന്മാരുട പിന്മുറക്കാരായ മുതർന്ന സ്ത്രീകളാണു താലപ്പൊലി എടുക്കുന്നത്. ചുവന്ന മേലാപ്പിനു കീഴിൽ ഭക്ത്യാദരപൂർവ്വം പുറപ്പെടുന്ന താലപ്പൊലിയെ ശ്രീപോതി, വിഷ്ണുമൂർത്തി തെയ്യങ്ങളും അനുഗമിക്കും.

ആറാട്ട്

താലപ്പൊലി മൂന്നു പ്രദക്ഷിണം പൂർത്തിയാക്കുന്നതോടെ ആറാട്ടിനുളള ഒരുക്കങ്ങളാണ്. സമുദ്രത്തിലാണ് ആറാട്ട്. അകായിൽ ഉറഞ്ഞിറങ്ങുന്ന വെളിച്ചപ്പാടൻമാർ നടയിൽ വെളിച്ചപ്പെട്ട് അരുളപ്പാടുകൾ കഴിഞ്ഞ് പുറത്തിറങ്ങും. ക്ഷേത്രപാലകനെ വലം വെച്ച് തേങ്ങയുടച്ച് പ്രദക്ഷിണം പൂർത്തിയാക്കി പടിഞ്ഞാറെ നടവഴി കടൽതീരത്തേക്ക്. ഗജവീരന്മാരുൾപ്പെടെ എല്ലാ അലങ്കാരങ്ങളും അകമ്പടികളുമുണ്ടാവും. ശ്രീപോതി, വിഷ്ണുമൂർത്തി തെയ്യങ്ങളും അനുഗമിക്കും. പൊടിക്കളത്തിൽ അഗ്നി സമർപ്പിച്ച് വലം വെച്ച് എഴുന്നളളത്ത് കടപ്പുറത്തെത്തും.

കടൽതീരത്ത് പീഠം സങ്കൽപ്പിച്ച് ഭക്തജനങ്ങൾക്കുളള അരുളപ്പാടുകളും അനുഗ്രഹങ്ങളും ചൊരിഞ്ഞ് ആടയാഭരണങ്ങൾ അഴിച്ച് വെച്ച് സമുദ്രത്തിലേക്ക്. വെളിച്ചപ്പാടുകൾ ഓരോരുത്തരായി തിരുവായുധങ്ങളുമായി ആഴത്തിൽ മുങ്ങിനിവരും. പിന്നീട് വിഷ്ണുമൂർത്തിയും സമുദ്രസ്‌നാനം നടത്തുന്നു. ദേവതമാരുടെ വിഗ്രഹങ്ങളും തിരുആയുധങ്ങളുമായി കഴകക്കാരും സമുദ്രത്തിൽ മുങ്ങി നിവരുന്നതോടെ ആറാട്ട് പൂർത്തിയാവും. വിഷ്ണുമൂർത്തിയുടെ മുഖാവരണം തിരകളിൽ ഒഴുകി തിരിച്ചെഴുന്നളളും.ആറാട്ടിനു സാക്ഷ്യം വഹിക്കാൻ അയിരക്കണക്ക് ഭക്തജനങ്ങൾ മീനത്തിലെ പൊരിവെയിലിനെ അവഗണിച്ച് കടപ്പുറത്ത് തടിച്ചു കൂടും.

കൊടിയിറക്കം

ആറാട്ടെഴുന്നളളിപ്പ് തിരിച്ചെത്തുന്നതോടെയാണ് കൊടിയിറക്കം. രോഹിണി നാളിൽ ഏറ്റിയ കൊടി പൂരം നാളിൽ ഇറക്കുന്നതോടെ ഒരാഴ്ച നീണ്ട പൂരോത്സവത്തിനു സമാപനമാവും. ക്ഷേത്രമതിൽകെട്ടിനകത്ത് ഗുരുതി തർപ്പണം വിഷ്ണു മൂർത്തി തെയ്യം നിർവ്വഹിക്കും.

കഴകം പിരിക്കൽ

കൊടിയിറക്കം കഴിഞ്ഞ് ഭക്തർ പിരിഞ്ഞു പോയാലും പിന്നെയും ചുമതലകൾ ബാക്കിയുണ്ട്. ഭണ്ഡാരം എണ്ണിത്തിട്ടപ്പെടുത്തി വരവ് ചിലവ് കണക്കുകൾ തയ്യാറാക്കി പ്രധാന കാര്യങ്ങളും അവലോകനം ചെയ്ത് അത് വരെ ക്ഷേത്രത്തിൽ കേന്ദ്രീകരിച്ചിരുന്ന ആചാരസ്ഥാനികർ, ഭരണസമിതി, പൂക്കുട്ടികൾ, ഊരാളന്മാർ, കഴകക്കാർ എന്നിവർ ആചാരത്തോടെ പിരിഞ്ഞു പോകുന്ന ചടങ്ങാണു കഴകം പിരിയൽ. നടയടച്ച് ഭണ്ഡാരം ചാർത്തി എല്ലാവരും പിന്നോട്ടിറങ്ങി പ്രധാന വാതിൽ അടക്കും. കഴകം പിരിഞ്ഞ അറിയിപ്പായി ഏഴ് കതിന വെടികൾ മുഴങ്ങും. തുടർന്ന് എല്ലാവരും മടപ്പളളി പൊന്നൻ തറവാട്ടിൽ ഒത്തുചേരുകയും ഓരോ സംഘമായി ആചാരസ്ഥാനികരുടെ തറവാട്ട് ഗൃഹത്തിൽ തയ്യാറാക്കിയ മത്സ്യമാംസാദികൾ ഉൾപ്പെട്ട സദ്യയുണ്ട് വ്രതം അവസാനിപ്പിക്കുന്നു.

കരിയടിച്ചു വാരൽ

പൂരം കൊടിയിറങ്ങിയാലും കൊടിതോരണങ്ങളും മറ്റു അലങ്കാരങ്ങളും അടുത്ത ഏഴു ദിവസം അങ്ങിനെ തന്നെയിരിക്കും. ദീപാരാധന ഉണ്ടാവില്ല. ക്ഷേത്രമതിൽ കെട്ടിനകത്ത് ആരും പ്രവേശിക്കില്ല. ഈ ദിവസങ്ങളിൽ ദേവഗണങ്ങൾ പൂരം ആഘോഷിക്കുകയാണ് എന്നു വിശ്വാസം. ഏഴാം ദിവസം നടതുറന്നു കൊടിതോരണങ്ങളും അലങ്കാരങ്ങളും അഴിച്ചുമാറ്റി, കരിയും പൂവും മറ്റു ഉത്സവാവശിഷ്ടങ്ങളും അടിച്ചു വാരി പാൽമരത്തിന്റെ ചുവട്ടിൽ നിക്ഷേപിക്കും. ക്ഷേത്രവും പരിസരവും വൃത്തിയാക്കും. തന്ത്രിയുടെ കാർമ്മികത്വത്തിൽ ശുദ്ധികലശവും ഗണപതി ഹോമവും നടത്തുന്നു, ഇതാണു കരിയടിച്ചു വാരൽ.

വീണ്ടും അടുത്ത പൂരത്തിനുളള കാത്തിരിപ്പ്...


Home/fests/pooram