0496 - 2231344 arakkaltemple@gmail.com acebook

ക്ഷേത്ര കാര്യകർത്താക്കൾ

  • തന്ത്രി

    പ്രതിഷ്ഠാദി കർമ്മങ്ങൾ, വിശേഷാൽ പൂജകൾ, ശുദ്ധി കർമ്മങ്ങൾ, പരിഹാരക്രിയകൾ എന്നിവ നിർവ്വഹിക്കുന്നത് തന്ത്രിയാണ്. താന്ത്രിക കാര്യങ്ങളിൽ വേണ്ട ഉപദേശനിർദ്ദേശങ്ങൾ നൽകുന്നതും തന്ത്രിയാണ്. കാഞ്ഞങ്ങാട്ട് ചിത്താരിയിൽ വാരിക്കാട് ഇല്ലത്ത് സുബ്രഹ്മണ്യൻ നമ്പൂതിരിയാണ് ക്ഷേത്രം തന്ത്രി. മുൻഗാമിയായ വാരിക്കാട്ടില്ലത്ത് പദ്മനാഭൻ തന്ത്രിയുടെ മകനാണിദ്ദേഹം.

  • വെളിച്ചപ്പാടൻമാർ

    ഭഗവതിയുടെ പ്രതിപുരുഷന്മാരാണ് വെളിച്ചപ്പാടുമാർ. ദേവിയുടെ ഹിതാഹിതങ്ങൾ വെളിപ്പെടുന്നത് ഇവരിലൂടെയാണ്. ദേവചൈതന്യമെന്ന വെളിച്ചത്തെ അറിഞ്ഞവരാണ് വെളിച്ചപ്പാടൻമാർ.

    ക്ഷേത്രത്തിൽ പൂജാദികർമ്മങ്ങളും ആചാരാനുഷ്ടാനങ്ങളും നിർവ്വഹിക്കുന്നതും വെളിച്ചപ്പാടൻമാരും കാരണവൻമാരുമാണ്. വ്രതനിഷ്ട, വസ്ത്രനിഷ്ട, ഭക്ഷണനിഷ്ട, വാക്‌നിഷ്ട, പെരുമാറ്റ നിഷ്ട എന്നിങ്ങനെ പഞ്ചനിഷ്ടകൾ ആചരിക്കുന്നവരാണു വെളിച്ചപ്പാടൻമാർ. അറക്കൽ ക്ഷേത്രത്തിലെ വെളിച്ചപ്പാടൻമാർ ആചാരം കൊളളുന്നത് നിലേശ്വരം മാടത്തിങ്കൽ ക്ഷേത്രത്തിൽ വെച്ചാണ്. നാളും പൊരുത്തവും ഒത്തു വരുന്ന ദേവനിയോഗമുണ്ടാവുന്ന വെളിച്ചപ്പാടന് കക്കാട്ട് കോവിലകത്ത് വെച്ച് രാജാവ് പേരു വിളിക്കുന്നതോടെയാണ് അംഗീകാരമാവുന്നത്.

  • കാരണവർ

    ഭക്തജനങ്ങളുടെയും വെളിച്ചപ്പാടുകളുടെയും ഇടയിലുളള മദ്ധ്യവർത്തി ആണ് കാരണവർ. ക്ഷേത്ര ഭരണം നാട്ടുകാരുടെ ഭരണസമിതി ഏറ്റെടുക്കുന്നത് വരെയും ക്ഷേത്രത്തിന്റെ ഭരണപരമായ കാര്യങ്ങളും ധനസമാഹരണവും നിർവ്വഹിച്ചിരുന്നതും കാരണവർ ആയിരുന്നു.

  • അന്തിത്തിരിയൻ

    ക്ഷേത്രത്തിലെ നിത്യസാന്നിദ്ധ്യമാണ് അന്തിത്തിരിയൻ. അന്തിക്ക് തിരി (വിളക്ക്) വെക്കുന്ന ആളാണ് അന്തിത്തിരിയൻ. ആചാര സ്ഥാനികർക്ക് പുറമെ ക്ഷേത്രക്കിണർ തൊടാൻ അന്തിത്തിരിയനു മാത്രമേ അവകാശമുളളു. പൂജാദികർമ്മങ്ങൾക്ക് സൗകര്യങ്ങൾ ഏർപ്പെടുത്തിയും. സഹായിയായും അന്തിത്തിരിയൻ ഉണ്ടാവും. ശ്രീ കുന്നൻ രാജൻ ആണു നിലവിൽ അന്തിത്തിരിയൻ

    മുൻഗാമികൾ

    1. വലിയപുരയിൽ കുഞ്ഞിരാമൻ
    2. വടക്കേടുത്ത് രാഘവൻ
    3. പളളിപ്പറമ്പത്ത് ബാലൻ
    4. പളളിപ്പറമ്പത്ത് ഗോവിന്ദൻ

  • തണ്ടയാൻ

    ക്ഷേത്രത്തിൽ പ്രമുഖസ്ഥാനമാണ് തണ്ടയാന്. കലശമാണ് പ്രധാന ചുമതല.ഇളനീരാട്ടത്തിനുളള ഇളനീരുകൾ ചെത്തിയൊരുക്കുന്നതും മറ്റു വിശേഷദിവസങ്ങളിൽ ഇളനീർ, വാഴയില, കുരുത്തോല തുടങ്ങിയ സാധനങ്ങൾ എത്തിക്കുന്നതും തണ്ടയാനാണ്. വെളളാട്ടം, തെയ്യം തുടങ്ങിയ കെട്ടിയാട്ടങ്ങൾക്ക് കാവിനുമുമ്പിൽ അടിസ്ഥാന സൗകര്യങ്ങൾ ചെയ്തു കൊടുത്തും തെയ്യത്തിന്റെ കൈപിടിച്ചും തണ്ടയാനുണ്ടാവും. തീയ്യസമുദായത്തിൽ പെട്ടയാളാണ് തണ്ടയാൻ അക്കരാൽ വിശ്വനാഥൻ ആണു നിലവിൽ തണ്ടയാൻ.

    മുൻഗാമികൾ

    1. അക്കരാൽ വയലിൽ കണാരൻ
    2. കുഞ്ഞിക്കണ്ണൻ
    3. ചോയി

  • കഴകക്കാർ

    പൂജാദികർമ്മങ്ങൾക്കും മറ്റ് ആചാര അനുഷ്ടാനങ്ങൾക്കും വേണ്ട സഹായങ്ങളും പശ്ചാത്തലവും ഒരുക്കുന്ന പരിചാരക സംഘമാണു കഴകക്കാർ. വ്രതശുദ്ധിയോടെ എത്തുന്ന കഴകക്കാരിൽ ഊരാളന്മാരുടെ കുടുംബാംഗങ്ങളും നാട്ടുകാരുമുണ്ടാവും. പൂരക്കാലത്ത് കഴകക്കാർ ക്ഷേത്രത്തിൽ തന്നെയാണു വാസം. മറ്റു വിശേഷദിവസങ്ങളിലും കഴകക്കാർ സജീവമായുണ്ടാവും.

  • പൂക്കുട്ടികൾ

    പൂരോത്സവത്തിൽ ആചാരപരമായി പ്രധാന പങ്കു വഹിക്കുന്നവരാണ് പൂക്കുട്ടികൾ. അർച്ചനക്കുളള പൂക്കൾ ശേഖരിക്കുന്നതും പ്രധാന തറവാട്ടു മണ്ഡപങ്ങളിൽ പുഷ്പാർച്ചന നടത്തുന്നതും പൂക്കുട്ടികളാണ്.

    എഴുന്നളിപ്പ്, പാലെഴുന്നളളിപ്പ് എന്നീ പ്രധാന ഉത്സവചടങ്ങുകളിലും പൂക്കുട്ടികൾ ഭാഗഭാക്കാണ്. ഊരാളന്മാരുടെ പിന്മുറക്കാരായ ബാലികബാലന്മാരാണ് പൂക്കുട്ടികളായി ചുമതലയേൽക്കുന്നത്. കൊടിയേറ്റം മുതൽ ആറാട്ട് വരെ പൂക്കൂട്ടികൾ ക്ഷേത്രത്തിൽ സജീവമായുണ്ടാവും. കയ്യിൽ പൂവട്ടികളുമായി പൂവേപ്പൊലി പൂവേ എന്നു ഈണത്തിൽ വിളിച്ചുകൊണ്ട് വരുന്ന പൂക്കുട്ടികളെ നാട്ടുകാർ ലഘുപാനീയങ്ങളും പഴങ്ങളും നൽകി സ്വീകരിക്കും. ക്ഷേത്രത്തിലേക്ക് കാഴ്ചയായി നൽകുന്ന കാർഷികവിളകളും മറ്റു വഴിപാടുകളും പൂക്കുട്ടികൾ വശം കൊടുത്തയക്കാറുമുണ്ട്.


Home/about/people